Monday 31 July 2017

അമ്മിഞ്ഞപ്പാലിന്‍റെ മധുരം



അമ്മിഞ്ഞപ്പാലിന്‍റെ മധുരം
അമ്മിഞ്ഞപ്പാലിന്‍ മധുരമോര്‍ത്തിട്ടുണ്ണി
ഉറക്കമുണര്‍ന്നു തേങ്ങി
നിദ്രതന്‍ താഴ്‍വര വിട്ടു വേഗം
പൊന്നമ്മ കുഞ്ഞിനെ ചേര്‍ത്തു പുല്കി
പുഞ്ചിരി പൂക്കും ചെഞ്ചുണ്ടുകളാല്‍
ഉണ്ണി, തന്നമ്മതന്‍ നെഞ്ചിലൂറും
ജീവാമൃത, മമ്മിഞ്ഞപ്പാലുറുന്നു.

ജീവന്‍ തുടിക്കുന്ന പാല്ക്കടല്‍തന്‍
തീരം ചേര്‍ന്നുണ്ണി നടന്നു മെല്ലെ
ആ കടല്‍ തന്‍റെ മറുകരയില്‍
വ്യഥയോടെ കുഞ്ഞുങ്ങളലഞ്ഞിടുന്നു
മുന്നിലൊഴുകുന്ന പാല്ക്കടലും
കൈയ്യെത്താ ദൂരത്താണവര്‍ക്ക്
പുതുമോടി പൂക്കുന്ന ദേഹമെങ്ങാന്‍
മുലയൂട്ടി വല്ലാതുലഞ്ഞുപോയാല്‍
എന്തുതാന്‍ചെയ്യുമെന്നോര്‍ത്തു മമ്മി
ചാരെയണഞ്ഞ പിഞ്ചു കുഞ്ഞിന്‍
പൂമേനി തള്ളിയകറ്റി വേഗം.

ആയതന്‍ മടിയിലിരുന്നു പൈതല്‍
കുപ്പിയും നിപ്പിളും നോക്കി താപാല്‍
അമ്മിഞ്ഞപ്പാലിന്‍റെ രുചിയെന്തെന്ന്
ആരാഞ്ഞു മെല്ലെ തന്നായയോടായ്.
കണ്ടതൊരു സ്വപ്നമാണെങ്കിലും
ഉണ്ണിതന്‍ നെഞ്ചിലൊരു നൊമ്പരം
അറിയാതെയൊരു ചെറു കൂടു കൂട്ടി.

-ഹരി നായര്‍ (02-12-2014)

No comments:

Post a Comment