Friday 21 January 2011

കവിത
ചണ്ടികള്‍

ഇനിയുമുണങ്ങാത്ത മുറിപ്പാടുകള്‍
അവിടെ കിനിയുന്ന ചോരപ്പൂക്കളില്‍
കടിയനുറുമ്പുകളുടെ കിരാത നൃത്തം
അവശനവനില്‍ വേദന ഉറയുമ്പോള്‍
മാംസഭോജികളുടെ ദുര്‍ഗന്ധം വമിക്കുന്നു.

ഹൃദയം പിളര്‍ക്കുന്ന കഠോര ഖഡ്ഗങ്ങള്‍
അഗ്നി പറത്തി രാകി മിനുക്കുമ്പോള്‍,
അവയില്‍ നിന്നുയരുന്ന ഝണഝണാങ്കം
യുദ്ധക്കൊതിയുടെ ദുര്‍മോഹം പെരുപ്പിക്കുന്നു.

സാ‍മ്രാജ്യത്വത്തിന്റെ വെടിപ്പുരകള്‍
സൌഹാര്‍ദ്ദത്തിന്റെ ചതിക്കുഴി തീര്‍ക്കുമ്പോള്‍,
അജ്ഞാനികളില്‍ ഒടുങ്ങാത്ത അന്തര്‍ദാഹം
അസ്തിത്വത്തെ പണയം വൈക്കുന്നു.

വ്യപാരികളുടെ കുടിലതകള്‍
ആയുധച്ചന്തകളില്‍ ഔചിത്യമില്ലാതെ വിറ്റഴിക്കുമ്പോള്‍,
ആത്മാഭിമാനം അളവില്ലാതെ അടിയറവെച്ചും
ആയുധം വാങ്ങി കോപ്പു കൂട്ടുന്നു.

പാതിയുറക്കത്തിലും പട്ടിണിക്കോലങ്ങള്‍
വിശപ്പടങ്ങാതെ ദാഹമൊടുങ്ങാതെ തളര്‍ന്നുഴലുമ്പോള്‍,
മാതൃരക്തം അങ്ങിനെതന്നെ വിഷലിപ്തമാക്കിയും
അന്തര്‍മുഖശക്തികള്‍ക്കു ആതിഥ്യമേകുന്നു.

എല്ലാം എന്തിന് ?
അത്മാഭിമാനികളുടെ ശവക്കുഴി തോണ്ടുവാന്‍,
അതിരിക്തശക്തികള്‍ക്ക് അടിയറ വെക്കുവാന്‍,
സാമ്രാജ്യത്വത്തിന് മണിയറ ഒരുക്കുവാന്‍,
ഒലിവിലയേന്തുന്ന വെള്ളരിപ്രാവിന്റെ
നെഞ്ചിടം തകര്‍ത്തൊരു വെടിച്ചീളുതിര്‍ക്കുവാന്‍.

ഇവിടെ എല്ലാം ഇല്ലാതെയാകും;
ഞാനും നിങ്ങളും, നമ്മെളെല്ലാവരും.