Friday 8 February 2013

ഉച്ചനീചത്വങ്ങള്‍




 

മനമിടറിയൊരു വനപ്പക്ഷി
ദീനമായ് കരയുന്നു,
ശരമൊഴിച്ച നിഷാദന്‍റെ
കാഹളമുയരുന്നു.
വിഷമുകുളങ്ങളലകിട്ട
വിഷാസ്ത്രങ്ങളാവനാഴിയിലുറങ്ങുന്നു,
പിറാവിന്‍റെ ഹൃദന്തം തുളച്ചാ രക്തപ്പുഴയില്‍
നിഷാദന്‍ നീരാട്ടു കഴിക്കുന്നു.
വനകുഞ്ജങ്ങളിലെവിടെയോ
മരണമണിയുടെ മുഴക്കം പാര്‍ത്തിരിക്കുന്നു.

വനസ്ഥലികളിലൊരു കരിവരന്‍
കരിവണ്ടിനോടെതിര്‍ക്കുന്നു.
മേലാകെ വ്രണം പടര്‍ത്തി
കരിവീരനടിയറവു പറയുന്നു.
കര്‍ണ്ണപുടങ്ങളില്‍ നുഴഞ്ഞേറി
കരിവണ്ടവിടെ തന്‍  കൂടുതീര്‍ക്കുന്നു
വളര്‍ന്നു പെരുകുന്നു
മസ്തകംപിളര്‍ന്നവരൊരു മുളംപൊത്തിലേറി
അന്ത്യവിധി കാത്തിരിക്കുന്നു.

ഏഴു കടലുകള്‍ക്കക്കരെ
യൊരഭിനവ മഹാരഥന്‍
കോപ്പു കൂട്ടി പെരിയവനായിരിക്കുന്നു,
ലോകൈകജേതാവായി
പാടേ വിരാജിക്കുന്നു.
തീവ്രവാദപ്പെരുമയിലാരോ പിഴക്കാതെ,
തന്‍ശിരസ്സിനുന്നം പിടിച്ചിരിക്കുന്ന
ശസ്ത്രങ്ങളെഭീതമാം
മനസ്സോടെയെന്നും
പരതിക്കൊണ്ടുറങ്ങാതിരിക്കുന്നു.

ഇവിടെയൊരു നാട്ടരചന്‍ ,
കെട്ടഴിഞ്ഞൊരു മരത്തോണിയേറി
നീര്‍ക്കടലിന്മീതെയൊഴുകി നടക്കുന്നു.
അകലെയെങ്ങോ ഒരു തിര
വളര്‍ന്നൊരു സുനാമിയാകുന്നു......
മരത്തോണിയിലരചനശരണനായ്
പ്രാര്‍ത്ഥനാനിരതനാകുന്നു, മരണം മണക്കുന്നു.
-ഹരി നായര്  (19-10-2012)