Sunday 15 December 2013

പതിതന്‍



പതിതന്‍
പച്ച വിരിച്ച പുല്മേടുകളില്‍
നിമ്നോന്നതങ്ങളാം നടവഴികളില്‍
വിണ്ടു കീറിയ തരിശുഭൂമിയില്
ഉറവു വറ്റും നീര്ത്തടങ്ങളില്
കൈകള്കോര്ത്തു നാം നടക്കവേ....
വഴിതെറ്റിവന്നൊരു വിഷപ്പാമ്പ് ദംശിച്ച
എന്‍ പെരുവിരല് തുമ്പില്‍നിന്നും
നഗ്നമാം നിന്‍ വായ്ത്തടങ്ങളാല്
വിഷബീജങ്ങളുറഞ്ഞയെന്നിലെ
ചുടുരക്തമുറുന്നു തുപ്പുമ്പോള്‍
സ്നേഹമയീ... നിന്‍ മുഖഭിത്തിയിലെവിടെയോ
ഒരു മുറിപ്പാടുണ്ടെന്നു നാമറിഞ്ഞില്ല.....

നീയന്നേകിയ ജീവബിന്ദുവേറ്റൊരു
പഴയ പതിതന്, ഏകനാം ഞാന്..
ഇന്നീ വിജനവീഥിയില് മൂകനായ്
തേടുന്നു മറ്റേതോ വിഷധൂളികള്‍‍....
-ഹരി നായര്‍  (29-11-2013)

ജയ ജയതേ കേരളമാതേ..



ജയ ജയതേ കേരളമാതേ..

ജയ ജയ ജയതേ കേരളമാതേ...
ഭാരതഭൂവിന്‍ മധുമൊഴി കുയിലേ.

ജയ ജയ ജയതേ കേരള മാതേ...
ഹരിതഭരിതഫലപുഷ്പിത കമലേ.

ജയ ജയ ജയതേ കേരളമാതേ...
സലിലമലയമധുമതി മാലികേ.

ജയ ജയ ജയതേ കേരളമാതേ...
ബഹുമുഖസംസ്കൃതി പൂരിതഭൂവേ.

ജയ ജയ ജയതേ കേരളമാതേ...
ഏകമനസ്ഥിതി മലരിത മന്നേ.

ജയ ജയ ജയതേ കേരളമാതേ...
നാഗരഗ്രാമ്യമ:ധസ്ഥിതമുച്ചിത ധരിതേ.

ജയ ജയ  നിത്യം കേരളഭൂവേ...
ജയ ജയ ജയ മമ മാതൃധരിത്രേ.

ജയ ജയ ജയതേ കേരളമാതേ...
ജയ ജയ ജയതേ മലയാളമമ്മേ.

-ഹരി നായര്‍ (31-10-2013)

Monday 14 October 2013

ജീവിതം തുടികൊട്ടുന്നു...



ജീവിതം തുടികൊട്ടുന്നു...
പോകൂ മരണമേ പോകൂ
ജീവിതമിവിടെ തുടികൊട്ടുന്നു
പാരിന്‍ പാവനമീ മുറ്റത്ത്
ജീവിതമിനിയും തുടികൊട്ടുന്നു.

കണ്ണിനു കുളിരായ് ഹരിതാഭ
വിണ്ണിനു തളിരായി ചന്ദ്രികയും
പകലും ഇരവും പതിവായി
ജീവിതമിവിടെ തുടികൊട്ടുന്നു.

മലരും മധുവും മലര്‍‍വാടികളും
ഇലയും തളിരും തരുനിരയാളും
മലയും ജലവും മനസ്സില്‍ നിറയും
മരണമതെന്തിനു നാമോര്‍ക്കുന്നു?

മോടികളേറും വസതികളും
ചാരുതയേറും വസനമതും
പ്രേമമൊഴുക്കും സഹചാരികളും
എന്തിനുമരണം നാമോര്‍ക്കേണം?


തനുവും മനവും കീറിമുറിച്ചും
ദൃഢമായുള്ളൊരു കായബലത്താല്‍
പാഴാകാത്തൊരു നരജന്മം
മരണം വെറുതേയിച്ഛിക്കേണ്ട.

ആഗ്രഹമേറേ യതില്ലാതായാല്‍,
അതിമോഹക്കെട്ടുകള്‍ വേണ്ടാതായാല്‍,
സൌഹൃദമൊത്തിരി കൈമുതലായാല്‍,
പോകൂ മരണമെ വിളയാടാതെ.

നരജീവിതമിവിടെ തുടികൊട്ടുന്നു....
മനുജീവിതമിനിയും തുടികൊട്ടുന്നു...
 -ഹരി നായര് (08-10-2013)

ഓണമില്ലാത്ത ഓണം



ഓണമില്ലാത്ത ഓണം
ഓര്‍മ്മയില്‍‍ പൂത്തോരു പൂക്കാലമിങ്ങിനി
ഒരുനാളും വഴിതെറ്റി വന്നു ചേരാ...
പൂങ്കോഴിച്ചാത്തനും, പൂവാലിപ്പൈക്കളും
പൊന്നോണപ്പൂമുറ്റത്തൊത്തുചേരാ...
പഴമൊഴിപ്പാട്ടിന്‍റെ വായ്ത്താരി പാടുന്ന
പാണനും തുടികൊട്ടി വരികയില്ല...
പൂവിളി പൂവൊളി പുലര്‍കാലമുറ്റത്തു
ഇനിയേതു കാലത്തു കണ്ടിടാവൂ...
പുന്നെല്ലിന്‍ പുതുമണം പരത്തുമിളങ്കാറ്റിന്‍
പുല്ലാംകുഴല്‍വിളി കേട്ടതില്ല...
പൊന്നോണം വന്നുവോ പൂപ്പട കൂട്ടിയോ
തിരുവോണപ്പാട്ടിന്‍റെ ശീലു കേട്ടോ...?

പൂപ്പട കൂട്ടുവാന്‍ പൂക്കളം തീര്‍ക്കുവാന്‍
പുതുവീടിനരികത്തു മുറ്റമില്ല...
പുന്നെല്ലിന്‍ പുതുമണം പാരില്‍പരത്തുവാന്‍
എങ്ങുമെവിടേയും വയലുമില്ല...
തിരുവോണ സദ്യക്കൊരുക്കുകള്‍ കൂട്ടുവാന്‍
വിലയേറും വിഭവങ്ങളാരു വാങ്ങും... !
വിശക്കും വയറിന്‍റെ പതം പാട്ടു കേട്ടിട്ട്
മാവേലിത്തമ്പുരാന്‍ വരുവതെങ്ങ്...?
ഇക്കുറി പൊന്‍ചിങ്ങത്തിരുവോണമേവര്‍ക്കും
ഓണമില്ലാത്തൊരോണമാകും... !
-ഹരി നായര്‍ (20-08-2013)