Monday 31 July 2017

ശാപമോക്ഷം കാത്ത് ഈ അഹല്യ



ശാപമോക്ഷം കാത്ത് ഈ അഹല്യ
ഞാന്‍ അഹല്യ
ദേവ രാജന്റെ പൊയ്മുഖമറിയാതെ
ദേഹവും ദേഹിയുമവനു നല്‍കിയോള്‍..
വഞ്ചിതയായശരണയായ്, ഭര്തൃപാദമണയവേ.
ക്രുദ്ധയോഗിതന്‍ ശാപവചസിനാല്‍
ശിലയായ്.
രാമപാദ സ്പര്‍ശനം കാത്തു കഴിഞ്ഞവള്‍..

ഇവള്‍ മറ്റൊരഹല്യ.
 ഒരു ഗ്രീഷ്മസായാഹ്നമൊടുങ്ങുവെ
നീണ്ട നിഴല്‍ ചായുമൊരു പാദയോരത്തായി
ചെക്കിച്ചെതുക്കിച്ചൊരു പീടികത്തിണ്ണയില്‍
അര്‍ദ്ധവസ്ത്രംകൊണ്ടംഗം മറച്ചവള്‍
ചാരെയൊരു പിഞ്ചുപൈതലിന്‍
ശോഷിച്ച ദേഹവും കെട്ടിപ്പിടിച്ച്.
കണ്ണുനീര്‍ വറ്റിയ കണ്മിഴികളാല്‍
ദൂരെയെങ്ങോ പ്രാഞ്ചി തിരയുന്നു.
മറ്റൊരു രാമന്റെ പാദ സ്പര്‍ശനം കാത്തിരിക്കുന്നു

മുഷിവിന്‍ മെഴുക്കാര്‍ന്ന താലിനൂല്‍ തുണ്ടിലൊരു
പൂത്താലി മാറില്‍ ചേര്‍ന്നു കിടപ്പുണ്ട്.
വടിവറ്റ്, മാറിടം തളര്‍ന്നു തൂങ്ങുന്നു..
തന്‍ പൈതലിന്‍ ചുണ്ടിനാലിറ്റിയ പാല്‍ത്തുള്ളി
മുഷിവാര്‍ന്ന ചോളിയിലീറന്‍ പടര്‍ത്തുന്നു.
ഓര്‍മ്മയില്‍ ശേഷിച്ച സ്വപ്നങ്ങളത്രയും
അവള്‍പോലുമറിയാതെ ചിതലരിക്കുന്നു.

മൃത സ്മൃതികള്‍ താളം പിഴപ്പിച്ചു
നീര്‍തടാക്മായ് എങ്ങോ വിലയിച്ചു.
ഓര്‍മ്മയിലാതിര പൊന്‍തിങ്കള്‍ ചൂടിയ
ഭൂതവുമവള്‍ക്കുള്ളിലെന്നോ മരവിച്ചു.
ഭ്രാന്തിയായി..നിരാലംബയായി.
ഭര്‍തൃഗേഹത്തില്‍നിന്നു നിഷ്കാസിതയായി.
പെരുവഴിയാലംബമായി.
മരിച്ച മനസ്സറിയാതെ പാപിയായി.അമ്മയായി..

ഇവളുമൊരഹല്യ…….
മനസ്സിന്‍ ചേതനയറ്റവള്‍..
ജന്മശാപംകൊണ്ടു ശിലയായി തീര്‍ന്നവള്‍.
ഉണങ്ങിയ കണ്‍കളാലിപ്പൊഴുമെങ്ങോ തിരയുന്നു……
ശാപമോക്ഷമിവള്‍ക്കേകുവാന്‍
ഇനിയൊരു രാമനുയിര്‍കൊള്ളുമോ?

No comments:

Post a Comment