Thursday, 29 March 2012

ആസുരം


ഇരവും പകലും
ഇതളായ് പിരിഞ്ഞതും
ഇന്നിന്റെ യവനിക
ഇടറി വീഴുന്നതും
ഇതുവരെ പൊന്നമ്മ
അറിഞ്ഞതേയില്ല.

എട്ടു പാദങ്ങള്ക്കിടയില്
കൊരുത്തൊരു
അണ്ഡഭണ്ഡാകാരം
ഇറുകെ പിടിച്ചവള്
പ്രാണനില്പ്രാണനാം
പിഞ്ചുകുഞ്ഞുങ്ങള്ക്കൊരു
കാവലായ്...രക്ഷയായ്
പതുക്കെ പരതുന്നു.

അമ്മതന്ചൂടും
ചൂരുമേറ്റിട്ടവര്
ഭ്രൂണമായ്...പൈതലായ്....
ഗര്ഭകാലവും പൂര്ണ്ണമായ്...
പശിയോരും മക്കളായ്.

അണ്ഡത്തിന്പടം കീറി
ഭൂമിയില്പിറന്നവര്‍...
അമ്മതന്മാറില്തന്നെ
വിശ്വരൂപം കാട്ടി.

ചോരയും നീരും
ഊറ്റിക്കുടിച്ചുന്മത്തരായ്....
കരാള നൃത്തം ചവിട്ടി.

നിര്ജീവമായ്... പിണ്ഡമായ്...
അസുരരാം മക്കള്ക്കായ്....
മരണം വരിച്ചവള്
മണ്ണില്പുതഞ്ഞു.

(ചിലന്തികള്അവയുടെ മുട്ട താങ്ങി നടക്കുകയും, തന്റെ ശരീരത്തിന്റെ ചൂടു നല്കി കാലാന്തരത്തില് മുട്ട വിരിയിക്കുകയും ചെയ്യുന്നു. ഒടുവില്‍, പൂര്ണ്ണവളര്ചയെത്തി പുറത്തുവരുന്ന സ്വന്തം മക്കള്ക്ക് ആഹാരമായി ഭവിക്കുക എന്ന വിധിക്കു കീഴടങ്ങുകയും ചെയ്യുന്നു എന്ന പ്രകൃതി സത്യമാണ് വരികള്ക്കാധാരം.)

Wednesday, 7 March 2012

ഓം ശാന്തി..ശാന്തി..


കുരിശടിയിലുറങ്ങുന്ന
ശവമാടങ്ങളില്‍.....
ദരിദ്രനാര്‍ ധനവാനാര്‍.
വ്യര്‍ത്ഥമോഹങ്ങള്‍ക്ക്
അവസാനമില്ലാത്ത
നിദ്രയിലുമെന്തിനീ
പാര്‍ശ്വാന്തരം....

മണ്ണിനായ് മനുഷ്യന്‍
പടപ്പോരൊരുക്കി
പിന്‍ഗാമികള്‍ക്കായി
നടപ്പന്തലിട്ടു.....
ഒടുവിലാ നടപ്പന്തലുമന്യമാക്കി
എല്ലാരുമെത്തുന്നിടത്തോളമെത്തി.

കരയുവാന്‍ കരയിക്കുവാന്‍ ആരുമില്ലാതെ
മണ്ണിന്റെ മാറില്‍ മഹാനിദ്രയായി.
പിന്നെയും കാലാന്തര പൂ കൊഴിഞ്ഞു
പുല്ലും പുലരിയും പൂനിലാവും
ശാന്തമായുറങ്ങും ശവമാടങ്ങള്‍തോറും
പാര്‍ശ്വാന്തരമറിയാതെ പടര്‍ന്നുകേറി.

ഇനിയും നിലക്കാത്ത മഹാപ്രവാഹം
പോരും പോരിമയുമീ ജഗത്തില്‍...
എവിടേക്കുപോകുന്നു മര്‍ത്യജന്മം?
ഒടുവിലാ സത്യത്തിലെത്തിടാതെ....
ഏതുമേ സംശയം തെല്ലുവേണ്ടാ...
നാമെല്ലാമെത്തുമീ ശാന്തിവടികയില്‍.

എപ്പോഴുമോര്‍ക്കുകീ ശാന്തിമന്ത്രം
എന്നും ഭജിപ്പിനീ ശാന്തിമന്ത്രം
ഓം ശാന്തി...ശാന്തി...“                                (01-03-2012)

Monday, 27 February 2012

പാപിനി



പൂവിന്റെ സംശയം ചെടിയോടായിരുന്നു:
അമ്മെ...നിന്‍ കുടുമ്മയില്‍ ശിരോരത്നമാകാന്‍..
നിന്റെ വാസം ഗന്ധമന്ത്രമായെങ്ങും വിതക്കാന്‍...
നിന്റെ നിലനില്പിനായ്,
അനന്തരാവകാശശ്രിഷ്ടിക്കു നിയോഗമാകാന്‍...
ജീവ ജന്തു ജാലങ്ങള്‍ നിന്നെ-
തേടിയെത്താനൊരു നിറദീപമാകാന്‍....
ദേവദേവാദികള്‍ക്കു ബലിയാകാന്‍...
നിന്നെ തേടിയെത്തുവോര്‍ക്കു
ഭക്ഷണമാകാനൊരു ഫലമായ്ത്തീര്‍ന്നിടാന്‍....
പുന ശ്രിഷ്റ്റിക്കൊരു പൂരകമാകുവാന്‍....
അമ്മേ...ഞാന്‍ പിറക്കുന്നു......
എനീട്ടുമെന്തേ നീയെന്‍ ജന്മത്തിനു-
നിക്രിഷ്ട രൂപമേകി....
ആദ്യമേതന്നെ നീ പറിച്ചെറിഞ്ഞു....?

ചെടി തന്‍ മൊഴി:
വിങ്ങുമെന്‍ നെഞ്ചകച്ചുഴിനീരില്‍...
എന്റെ കുട്ടീ...
ചൊല്ലുവാനെനിക്കു മറുവാക്കില്ല...
തോരാക്കണ്ണീരുമായ്....
അഭയം തേടാനൊരിടവുമില്ല...
ചെയ്യുമീ പാപത്തിന്നിനി മാപ്പുമില്ല...
നിക്രിഷ്ടജന്മമീ പാപിക്കിനി....
പിത്രുലോകമെത്താനൊരു വിധിയുമില്ല.
-ഹരി നായര്‍ (24-02-2012)


Friday, 17 February 2012

സൂര്യനും ഭൂമിയും


സൂര്യന്‍ ഭൂമിയോടു ചോദിച്ചു...
പ്രണയം മറന്നുവോ നീ?
നിന്‍ മക്കളും നിന്‍ പേരക്കിടാങ്ങളും ഒന്നുചേര്‍ന്നപ്പോള്‍
എന്നെ തള്ളി പറയുന്നുവോ നീ?

അവരുടെ വളര്‍ച്ചക്കു വളമണ്ണു വിതറുവാന്‍
എന്റെ വിളറും മുഖത്ത് നീ കരിക്കട്ട കോറിയോ?
തേജസായ് ജ്വലിക്കും ജ്വാലയില്‍ നിന്നെന്നെ നീ
തമസായ്മരിക്കും കനല്‍തൊട്ടിയില്‍ തള്ളിയോ?

വിഷലിപ്തവാതങ്ങള്‍ ഉയരെപ്പറത്തി നീ
എന്‍ മേനിയപ്പാടെ അര്‍ബുദം പടര്‍ത്തിയോ?
ഇനിയിത്തമോഗോള ദുര്‍ഗോള ദശയേ കാത്തു ഞാന്‍
വിധിയെപ്പഴിച്ചു വിമുഖനായ് വസിച്ചോളാം.

ഭൂമി സൂര്യനോടു പറഞ്ഞു...
പ്രണയം മറന്നില്ല നിന്‍ പ്രേയസിയാണു ഞാന്‍.
ബന്ധിതമാണെന്‍ മിഴികളും മേനിയും.
പാരതന്ത്ര്യത്തിന് തീച്ചൂളയിലാണു ഞാന്‍.
നീറ്റി നോവിക്കയാണെന്റെ പുത്രരും പൌത്രരും.

നേര്‍നടപ്പാതയില്‍ വഴിതെറ്റിപ്പോയവര്‍
നേരുംനെറിയും തീരെ വെടിഞ്ഞവര്‍
പ്രപഞ്ചം കാല്‍കീഴിലമര്‍ത്താന്‍ തുനിയുന്ന
കാട്ടാളയുക്തിക്കുടമയാണിന്നവര്‍.
പ്രപഞ്ചസത്യത്തിന്‍ അകംപൊരുളറിയാതെ
കൂപമണ്ഡൂക സമാനമായ്  തീര്‍ന്നവര്‍.

എത്തിപ്പിടിക്കാന്‍ ആകുമെന്നാകില്‍ നീ
നിന്‍ പ്രേമഹസ്തം നീട്ടിത്തന്നിടൂ
ദുരഭിമാന ദുരാഗ്രഹമത്തരാം
മക്കളെ ത്യജിച്ചു ഞാന്‍ നിന്നെ വരിച്ചിടാം.
16-02-2012

Saturday, 4 February 2012

ദാഹഭൂമി



വേനല്‍...
മഴക്കായ് കാത്തിരിക്കുമീ ഊഷരഭൂമി...
ആകാശത്തേക്ക് വായ് പിളര്‍ന്ന്....
നീന്തിനടക്കുന്ന വെണ്‍മേഘങ്ങളെ നോക്കി...

ഇല്ല...
പെയ്യില്ല...ദാഹാര്‍ത്തരാണവരും
അലയടിക്കുമാഴിയും അകലയെവിടെയോ !
പോയ്‌വരാം, ഇന്നു വിട...

മഴപ്പുള്ളുകളാര്‍ദ്രരായ് കേഴുന്നു...
വിടര്‍കൊക്കുകളുയര്‍ത്തി
ദീനരായ് നോക്കുന്നു
എവിടെ യിറ്റു നീര്‍ക്കണം ?

പുല്ലും പൂക്കളും...നട്ടുവളര്‍ത്തിയ നല്‍ചെടികളും
ചുടലക്കളംപോല്‍ പഴുത്ത
മണ്‍ഭൂവിലുറങ്ങുന്നു
ദാഹനീര്‍ കിട്ടാതലയുമാത്മാക്കളാകുന്നു.

തിരികെ വരുന്നു
കൈക്കുടുന്നയില്‍ തെളിനീരുമായ്
ജലാമ്റതം തേടിയലഞ്ഞ വിണ്മേഘങ്ങള്‍
അവയില്‍ തുളുമ്പി നീര്‍ക്കണങ്ങള്‍.
മുകളില്‍, മധ്യവഴിയില്‍ തന്നെ
വറ്റി, വലിഞ്ഞുപോയ് തുളുമ്പിയ നീര്‍ത്തുള്ളികള്‍...
‘ആഗോളതാപന‘ പ്രതിഭാസമിപ്പഴും
ഉലയില്‍ പഴുത്ത ലോഹഫലകമായ് ചിരിച്ചുനില്‍ക്കുന്നു.

“പാപത്തിന്‍ ഫലം മരണമത്രെ“
“പശ്ചാത്തപിക്കാം നമുക്ക്, പ്രായശ്ചിത്തമാകട്ടെ“
“മുട്ടി നോക്കാം,
തുറക്കപ്പെടുംവരെ കാത്തിരിക്കാം.”

“മനസാ...വാചാ...കര്‍മണാ...“

03-02-2012

Wednesday, 13 April 2011

സ്വര്‍ണ്ണവര്‍ണ്ണ പുഷ്പഭരം
കാഞ്ചന ദര്‍പ്പണ വിഗ്രഹാധിഷ്ടിതം
കാര്‍ഷികവിഭവ പൂരിതം സന്തോഷപുളകിതം
വസ്ത്രം കുങ്കുമം ഗ്രന്ഥം നാണയം ഫലകം
ഇവയൊരുക്കിവെച്ചു നല്‍ കണി കാണണം
വരികയായ് വിഷു സമംഗളം

Friday, 21 January 2011

കവിത
ചണ്ടികള്‍

ഇനിയുമുണങ്ങാത്ത മുറിപ്പാടുകള്‍
അവിടെ കിനിയുന്ന ചോരപ്പൂക്കളില്‍
കടിയനുറുമ്പുകളുടെ കിരാത നൃത്തം
അവശനവനില്‍ വേദന ഉറയുമ്പോള്‍
മാംസഭോജികളുടെ ദുര്‍ഗന്ധം വമിക്കുന്നു.

ഹൃദയം പിളര്‍ക്കുന്ന കഠോര ഖഡ്ഗങ്ങള്‍
അഗ്നി പറത്തി രാകി മിനുക്കുമ്പോള്‍,
അവയില്‍ നിന്നുയരുന്ന ഝണഝണാങ്കം
യുദ്ധക്കൊതിയുടെ ദുര്‍മോഹം പെരുപ്പിക്കുന്നു.

സാ‍മ്രാജ്യത്വത്തിന്റെ വെടിപ്പുരകള്‍
സൌഹാര്‍ദ്ദത്തിന്റെ ചതിക്കുഴി തീര്‍ക്കുമ്പോള്‍,
അജ്ഞാനികളില്‍ ഒടുങ്ങാത്ത അന്തര്‍ദാഹം
അസ്തിത്വത്തെ പണയം വൈക്കുന്നു.

വ്യപാരികളുടെ കുടിലതകള്‍
ആയുധച്ചന്തകളില്‍ ഔചിത്യമില്ലാതെ വിറ്റഴിക്കുമ്പോള്‍,
ആത്മാഭിമാനം അളവില്ലാതെ അടിയറവെച്ചും
ആയുധം വാങ്ങി കോപ്പു കൂട്ടുന്നു.

പാതിയുറക്കത്തിലും പട്ടിണിക്കോലങ്ങള്‍
വിശപ്പടങ്ങാതെ ദാഹമൊടുങ്ങാതെ തളര്‍ന്നുഴലുമ്പോള്‍,
മാതൃരക്തം അങ്ങിനെതന്നെ വിഷലിപ്തമാക്കിയും
അന്തര്‍മുഖശക്തികള്‍ക്കു ആതിഥ്യമേകുന്നു.

എല്ലാം എന്തിന് ?
അത്മാഭിമാനികളുടെ ശവക്കുഴി തോണ്ടുവാന്‍,
അതിരിക്തശക്തികള്‍ക്ക് അടിയറ വെക്കുവാന്‍,
സാമ്രാജ്യത്വത്തിന് മണിയറ ഒരുക്കുവാന്‍,
ഒലിവിലയേന്തുന്ന വെള്ളരിപ്രാവിന്റെ
നെഞ്ചിടം തകര്‍ത്തൊരു വെടിച്ചീളുതിര്‍ക്കുവാന്‍.

ഇവിടെ എല്ലാം ഇല്ലാതെയാകും;
ഞാനും നിങ്ങളും, നമ്മെളെല്ലാവരും.