Friday 17 February 2012

സൂര്യനും ഭൂമിയും


സൂര്യന്‍ ഭൂമിയോടു ചോദിച്ചു...
പ്രണയം മറന്നുവോ നീ?
നിന്‍ മക്കളും നിന്‍ പേരക്കിടാങ്ങളും ഒന്നുചേര്‍ന്നപ്പോള്‍
എന്നെ തള്ളി പറയുന്നുവോ നീ?

അവരുടെ വളര്‍ച്ചക്കു വളമണ്ണു വിതറുവാന്‍
എന്റെ വിളറും മുഖത്ത് നീ കരിക്കട്ട കോറിയോ?
തേജസായ് ജ്വലിക്കും ജ്വാലയില്‍ നിന്നെന്നെ നീ
തമസായ്മരിക്കും കനല്‍തൊട്ടിയില്‍ തള്ളിയോ?

വിഷലിപ്തവാതങ്ങള്‍ ഉയരെപ്പറത്തി നീ
എന്‍ മേനിയപ്പാടെ അര്‍ബുദം പടര്‍ത്തിയോ?
ഇനിയിത്തമോഗോള ദുര്‍ഗോള ദശയേ കാത്തു ഞാന്‍
വിധിയെപ്പഴിച്ചു വിമുഖനായ് വസിച്ചോളാം.

ഭൂമി സൂര്യനോടു പറഞ്ഞു...
പ്രണയം മറന്നില്ല നിന്‍ പ്രേയസിയാണു ഞാന്‍.
ബന്ധിതമാണെന്‍ മിഴികളും മേനിയും.
പാരതന്ത്ര്യത്തിന് തീച്ചൂളയിലാണു ഞാന്‍.
നീറ്റി നോവിക്കയാണെന്റെ പുത്രരും പൌത്രരും.

നേര്‍നടപ്പാതയില്‍ വഴിതെറ്റിപ്പോയവര്‍
നേരുംനെറിയും തീരെ വെടിഞ്ഞവര്‍
പ്രപഞ്ചം കാല്‍കീഴിലമര്‍ത്താന്‍ തുനിയുന്ന
കാട്ടാളയുക്തിക്കുടമയാണിന്നവര്‍.
പ്രപഞ്ചസത്യത്തിന്‍ അകംപൊരുളറിയാതെ
കൂപമണ്ഡൂക സമാനമായ്  തീര്‍ന്നവര്‍.

എത്തിപ്പിടിക്കാന്‍ ആകുമെന്നാകില്‍ നീ
നിന്‍ പ്രേമഹസ്തം നീട്ടിത്തന്നിടൂ
ദുരഭിമാന ദുരാഗ്രഹമത്തരാം
മക്കളെ ത്യജിച്ചു ഞാന്‍ നിന്നെ വരിച്ചിടാം.
16-02-2012

No comments:

Post a Comment