Thursday, 29 October 2009

പെരാറോഴുകുന്നു വീണ്ടും...

പേരാറൊഴുകുന്നു വീണ്ടും ...

സഹ്യസാനുവില്‍ മുഖം ചേര്‍ത്തുനിന്നു

വിഷാദമൂകമാ ജലാശയം

വേദനവിങ്ങുന്നു, മക്കളേയൊര്‍ത്തായമ്മ തന്നിട-

നെഞ്ചില്‍തളം കെട്ടി നിശ്വാസങ്ങള്‍

ഒരു നാളുമോര്‍ത്തില്ല ഞാനെന്‍

മാറിലൂറും നറുമ്പാല്‍നുകര്‍ന്ന പൊന്‍ കുരുന്നുകള്‍

കാല്‍ തെറ്റിവീണടിയുമെന്‍ പൊക്കിള്‍കുഴിയിലൂറുമീ

തണുപ്പാര്‍ന്ന വിയര്‍പ്പിന്‍ കയങ്ങളിലെന്ന സത്യം.

ഭാരവും പരിദേവനങ്ങളുമൊട്ടിറക്കി വെച്ചിട്ടവര്‍

വന്നതായിരുന്നീ ദൈവത്തിന്റെ സ്വന്തം നാട്ടില്‍

അഛനുമമ്മയു, മേതോ കലാകാരന്‍ ചേര്‍ത്തുവെച്ച

പ്രാണബന്ധങ്ങളും, മാറില്‍ പുഞ്ചിരിപ്പാല്‍ചൊരിഞ്ഞ-

ലസമായമര്‍ന്നിരിക്കും പിഞ്ചുപൈതങ്ങളും

കൈവിരല്‍ത്തുമ്പിലൂയലാടിയടിവെക്കും ബാല്യങ്ങളും

വന്നണഞ്ഞീ പേരാറിനരികത്തു, വനഭൂമിയില്‍;

കാടിന്റെ ഭങ്ങിയും കാട്ടുമ്ര്ഗങ്ങള്‍ തന്‍ ലാസ്യവും

പേരാറിലൊഴുകും കളിവള്ളങ്ങളും

നാടും നഗരുവുമാകെ തപശ്ശാന്തി നിറൊഞ്ഞൊരു തീരവു-

മാവോളം നുകരുവാനാത്മാവില്‍ നിറക്കുവാന്‍.

ഇല്ലയെന്‍ കൊതീര്‍ന്നതില്ലാടിയും പാടിയുമീ-

കല്ലോലമാലകളില്‍ കുളിരാറ്റുമാക്കളിയോടങ്ങള്‍

തെറ്റിത്തെറിപ്പിക്കും കുളിനീര്‍ക്കണങ്ങളില്

പുളകച്ചാര്‍ത്തണിയുവാനവയോടു രമിക്കുവാന്‍.

എന്‍ മക്കളുമെന്‍ പേരക്കിടാങ്ങളും,

തിമിര്‍ത്താര്‍ത്തുമദിക്കുമ്പൊളേതൊരജ്ഞാതശാപത്താല്‍‍‍

താളംതെറ്റിയിടറിത്തളര്‍ന്നു വീണതാണാ-

തടാകത്തില്‍, നിണംകൊതിച്ച ജലാശയത്തില്‍.

തകരുന്നു നെഞ്ചക, മവിടെ കുറുകുന്നു പ്രാവുകള്

കാണുവാനാവില്ലെനിക്കെന് സന്താനങ്ങള്,

നിറഞ്ഞ ജലാശയത്തിന്നന്തരാളത്തിലേ

ക്കാഴ്ന്നാഴ്ന്നിറങ്ങുന്ന ഭീതമാം കാഴ്ചകള്‍.

മഴയും മഴക്കാറു മിരുളുന്ന സന്ധ്യയും ചേര്‍ന്നെന്‍

കണ്‍കുഴികളില്‍ കോരിനിറക്കട്ടെ

തിമിരത്തിന്‍ കറുപ്പു നീര്‍;

പാപങ്ങളഴിക്കുവാന്‍ വീണ്ടുമൊഴുകട്ടെ പേരാറ്.

(6-10-2009)‍

No comments:

Post a Comment