Wednesday 21 October 2009

ഒക്ടോബര്‍ 2

ഒക്റ്റോബര്‍ 2

ഇതു ഗാന്ധി ജയന്തി
എന്നോര്‍മ്മതന്‍ കിളിവാതില്‍ തുറക്കവേ ഞാന്‍ കണ്ടു
മുത്തഛന്‍ ശാന്തനായുറങ്ങുന്നു
ജീവിതഭാരം മുഴുവനും പേറിയാ
ശൂഷ്കദണ്ടൊരിടത്തു പാഴായ് കിടക്കുന്നു
അല്പവസ്ത്രാഞ്ജലമി-
പ്പാരിനെയാകെ പുതപ്പിച്ച തിരുവസ്ത്രം
ചോരപ്പാടുണങ്ങിയ വെറുമൊരു ശീല മാത്രമായ്
തുറന്നിട്ടൊരാ കിളിവാതിലിലൂടരിച്ചെത്തിയ സൂര്യാംശു
മൂണ്ഡമാശിരസ്സില്‍ തലോടവേ പ്രതിധ്വനിപ്പൂ പ്രഭാപൂരം
ഞൊറികള്‍ വീണൊരാ കായപ്രദേശത്തില്‍
മന്ദമായൊഴുകുമെന്‍ മിഴി ഒരിടത്തൊരുദിക്കില്‍
നിശ്ചലം, ഞാന്‍പോലുമറിയാതെ നിന്നുപോയ്,
മൂളിപ്പറന്നെത്തിയ വെടിച്ചീളുക-
ളാഴത്തില്‍ തുരന്ന വിലാപ്പുറം
വേദനവിങ്ങി വിതുമ്പിടുമ്പൊഴും
‘ഹേ റാം” എന്നുച്ചൈസ്തരം
വിലപിച്ച മുഖസ്തലം
ഭാരതപുത്രനായൊരാ കര്‍മ്മയോഗിതന്‍
മുഖമടച്ചാരോ തച്ചുതെറിപ്പിച്ച ദന്തരത്നം
പെറുക്കിയെടുത്തൊരു വഴിപാടായ്, പ്രസാദമായ്,
ഇന്നും സൂക്ഷിപ്പൂ
നൂറുകോടിതന്‍ പ്രതിനിധി

ഇന്ന് ?
നാല്‍കവലതന്‍ നടുമുറ്റത്ത്
പക്ഷികള്‍ കലശമാടിയ പുരീഷവും
ഇനിയുമൊരാണ്ടിനപ്പുറമെങ്ങോ
നിര്‍മാല്യം ചാര്‍ത്തിയ മാല്യവും
രാഷ്ട്രസേവകരരുമയായ് തറച്ചിട്ട
കൊടികളും പേറി
ഒരുനഷ്ടസ്വപ്നത്തിന്‍ കണ്ണീരുമായ്, ശിലയായ്,
മുത്തഛനിതാ നില്‍ക്കുന്നു മക്കളേ പാര്‍ത്തു പാര്‍ത്ത്.

1 comment:

  1. ഒരുനഷ്ടസ്വപ്നത്തിന്‍ കണ്ണീരുമായ്, ശിലയായ്,
    മുത്തഛനിതാ നില്‍ക്കുന്നു മക്കളേ പാര്‍ത്തു പാര്‍ത്ത്.

    ശക്തമായ വരികൾ. ഈ മുത്തച്ഛൻ സ്വർഗ്ഗലോകത്തിരുന്ന് നോക്കിക്കാണുന്നുണ്ടാകും തന്റെ ചെറു മക്കളെ..താൻ നേടിക്കൊടുത്ത സ്വാതന്ത്ര്യത്തിന്റെ പറുദീസയിൽ ഉല്ലസിക്കുന്നത് കണ്ടാസ്വധിക്കുന്നുണ്ടാകും.

    ReplyDelete