Friday, 8 February 2013

ഉച്ചനീചത്വങ്ങള്‍




 

മനമിടറിയൊരു വനപ്പക്ഷി
ദീനമായ് കരയുന്നു,
ശരമൊഴിച്ച നിഷാദന്‍റെ
കാഹളമുയരുന്നു.
വിഷമുകുളങ്ങളലകിട്ട
വിഷാസ്ത്രങ്ങളാവനാഴിയിലുറങ്ങുന്നു,
പിറാവിന്‍റെ ഹൃദന്തം തുളച്ചാ രക്തപ്പുഴയില്‍
നിഷാദന്‍ നീരാട്ടു കഴിക്കുന്നു.
വനകുഞ്ജങ്ങളിലെവിടെയോ
മരണമണിയുടെ മുഴക്കം പാര്‍ത്തിരിക്കുന്നു.

വനസ്ഥലികളിലൊരു കരിവരന്‍
കരിവണ്ടിനോടെതിര്‍ക്കുന്നു.
മേലാകെ വ്രണം പടര്‍ത്തി
കരിവീരനടിയറവു പറയുന്നു.
കര്‍ണ്ണപുടങ്ങളില്‍ നുഴഞ്ഞേറി
കരിവണ്ടവിടെ തന്‍  കൂടുതീര്‍ക്കുന്നു
വളര്‍ന്നു പെരുകുന്നു
മസ്തകംപിളര്‍ന്നവരൊരു മുളംപൊത്തിലേറി
അന്ത്യവിധി കാത്തിരിക്കുന്നു.

ഏഴു കടലുകള്‍ക്കക്കരെ
യൊരഭിനവ മഹാരഥന്‍
കോപ്പു കൂട്ടി പെരിയവനായിരിക്കുന്നു,
ലോകൈകജേതാവായി
പാടേ വിരാജിക്കുന്നു.
തീവ്രവാദപ്പെരുമയിലാരോ പിഴക്കാതെ,
തന്‍ശിരസ്സിനുന്നം പിടിച്ചിരിക്കുന്ന
ശസ്ത്രങ്ങളെഭീതമാം
മനസ്സോടെയെന്നും
പരതിക്കൊണ്ടുറങ്ങാതിരിക്കുന്നു.

ഇവിടെയൊരു നാട്ടരചന്‍ ,
കെട്ടഴിഞ്ഞൊരു മരത്തോണിയേറി
നീര്‍ക്കടലിന്മീതെയൊഴുകി നടക്കുന്നു.
അകലെയെങ്ങോ ഒരു തിര
വളര്‍ന്നൊരു സുനാമിയാകുന്നു......
മരത്തോണിയിലരചനശരണനായ്
പ്രാര്‍ത്ഥനാനിരതനാകുന്നു, മരണം മണക്കുന്നു.
-ഹരി നായര്  (19-10-2012)

Sunday, 16 September 2012

പാഴോണം




പാഴോണം
ഓര്മ്മച്ചിമിഴില്‍‍
നിരക്കവേ തിരഞ്ഞു ഞാന്‍‍....
ഒരോണക്കാലസ്വപ്നം ലഭിക്കുവാന്.
മടിയേറിത്തുരുന്പിച്ച
സൈബര്ത്തരികളല്ലാതെ
ഒന്നും കിട്ടിയില്ലെനിക്കെവിടെയെങ്ങും.

ഓണപ്പൂക്കളം മാഞ്ഞു
ഓണക്കോടിയും മറന്നു
ഓണക്കളികള്
ഓണപ്പാട്ടുകള്
ഓണസദ്യകള്
ഒക്കെയുമെങ്ങോ കളഞ്ഞുപോയി.

ഈ തിരുവോണം..
ഓണസദ്യക്കുത്തരവേകി ഞാന്
ദൃശ്യച്ചാനലുകളൊന്നൊന്നായ്
മാറ്റി നോക്കി
വെറുതെയിരിക്കുന്നു

ഓണമാഘോഷിക്കുന്നു ചാനലുകള്
പൂവിളിയുമോണപ്പൂക്കളവും
ഓണക്കളികളുമാര്ഭാടമായി...
ഹാ...എത്ര മോഹനം....
എന് നാടിന്റെ ചാരുത.
പിന്നെന്തിനു വെറുതെ ഞാനെന്
മേലനങ്ങിയിപ്പാഴ്വേല ചെയ്യണം ?
-ഹരി നായര്    (27-08-2012)

Monday, 23 July 2012

പിണക്കം (കവിത)


പിണക്കം   (കവിത)

പെയ്യുവാന്‍ മടിക്കും മാരിമേഘങ്ങള്‍….
അനിശ്ച്ചിതമാം യാത്രയിലാണ്‍.
പാപം പെയ്യും മലയാളഭൂമിക്ക്…..
എന്തിനവയുടെ കനിവിറ്റണം?
രക്തം ചൊരിയും പാപഭൂമിക്ക്……
എന്തിനവയുടെ കരലാളനം?
എന്നും മരവിച്ച മനസ്സിന്നുടമകള്‍ക്ക്…
എന്തിനായവ കുളിര്‍നീര്‍ ചൊരിയണം?
മദമാത്സര്യ മത്തഭൂമിക്ക്……
എന്തിനായൊരു ചുംബനമേകണം?
എല്ലാം മറക്കുന്ന മര്‍ത്യമോഹങ്ങള്‍ക്ക്…..
എങ്ങിനെ നല്‍കുമൊരു പുണ്യസ്പര്‍ശനം?
യാത്രയിലാണവ………
വൈരം പൊടിക്കാത്ത തീരം തേടി…….
മനുഷ്യത്വമുഴലുന്ന ഭൂമുഖം തേടി…..
എന്നും ചിരിക്കുന്ന മര്‍ത്യരെത്തേടി….
മനുഷ്യനെത്തേടി……മനസ്സിനെത്തേടി…..
അതെ… യാത്രയിലാണവ…..
(മഴക്കാലം പകുതിയോളം പിന്നിട്ടിരിക്കുന്നു. ഇനിയും പെയ്യാത്ത
മഴമേഘങ്ങള്‍ ഇങ്ങിനെ ചിന്തിച്ചിരിക്കുമോ?)

-ഹരി നായര്‍  (13-07-2012)