Monday 14 October 2013

ജീവിതം തുടികൊട്ടുന്നു...



ജീവിതം തുടികൊട്ടുന്നു...
പോകൂ മരണമേ പോകൂ
ജീവിതമിവിടെ തുടികൊട്ടുന്നു
പാരിന്‍ പാവനമീ മുറ്റത്ത്
ജീവിതമിനിയും തുടികൊട്ടുന്നു.

കണ്ണിനു കുളിരായ് ഹരിതാഭ
വിണ്ണിനു തളിരായി ചന്ദ്രികയും
പകലും ഇരവും പതിവായി
ജീവിതമിവിടെ തുടികൊട്ടുന്നു.

മലരും മധുവും മലര്‍‍വാടികളും
ഇലയും തളിരും തരുനിരയാളും
മലയും ജലവും മനസ്സില്‍ നിറയും
മരണമതെന്തിനു നാമോര്‍ക്കുന്നു?

മോടികളേറും വസതികളും
ചാരുതയേറും വസനമതും
പ്രേമമൊഴുക്കും സഹചാരികളും
എന്തിനുമരണം നാമോര്‍ക്കേണം?


തനുവും മനവും കീറിമുറിച്ചും
ദൃഢമായുള്ളൊരു കായബലത്താല്‍
പാഴാകാത്തൊരു നരജന്മം
മരണം വെറുതേയിച്ഛിക്കേണ്ട.

ആഗ്രഹമേറേ യതില്ലാതായാല്‍,
അതിമോഹക്കെട്ടുകള്‍ വേണ്ടാതായാല്‍,
സൌഹൃദമൊത്തിരി കൈമുതലായാല്‍,
പോകൂ മരണമെ വിളയാടാതെ.

നരജീവിതമിവിടെ തുടികൊട്ടുന്നു....
മനുജീവിതമിനിയും തുടികൊട്ടുന്നു...
 -ഹരി നായര് (08-10-2013)

No comments:

Post a Comment