Thursday, 4 April 2013

മടക്കം




ഭരണം വിരല്പതിച്ച വാറോലയില്
എരിതീയിലെരിഞ്ഞ മോഹം മണക്കുന്നു,
മണ്ണുംമരുത്തും മനസ്സി‍ന്‍ മരുഭൂവില്
ഉണങ്ങിവരണ്ടൊരു വിഷാദമായി ഭവിക്കുന്നു.

ഉറ്റവരുടയവര് പണിതീരാപ്പുരകളില്
കരിയുന്ന സ്വപ്നത്തിന് കയ്പുനീരിറക്കുന്നു,
അറിവിന്റെ പാതയിലമൃതം തിരയുന്ന
പൊന്നിന് കിടാങ്ങള്കികിനിയെന്തുനേരും.

എണ്ണപ്പാടങ്ങളിലെരിതീ പടര്ത്തുന്നു
കനിവിന്റെ കണ്ണികള് അഗ്നിയിലെരിയുന്നു.
ലാഭ ഛേദങ്ങള് ബാക്കി പത്രങ്ങളില്
പല്ലിളിക്കുന്നൊരു പൂജ്യമയായ് തെളിയുന്നു.

ആകാശയാനത്തിനിരമ്പം കാതോര്ത്ത്
നീര്മിഴി താരിണകള്‍ ചിമ്മാതിരിക്കുന്നു,
പാതിവഴിയിലുടച്ചെറിയാന് വിധിച്ച
നഷ്ടസൌഭാഗ്യങ്ങള്തന് കരിക്കട്ടകള്,
ഒരു ഭാണ്ഡമായ് ചുമലേന്തി,
ചുടുമണ്ണിന്റെ പൊള്ളുന്ന വീഥിയില്
പറ്റമായ്, ഒറ്റയായ് യാത്ര,
ഇനിയൊരു മടക്കമില്ലാത്ത യാത്ര,
ചോരയും നീരും ഭാരതഭൂവിനായി സമര്പ്പിച്ച,
ഒരു പ്രവാസിയുടെ യാത്ര.

അതിനിയെങ്കിലുമെത്തുമോ
അധികാര ശൈലത്തിനുച്ചിയില്....
ബധിരന്റെ തുറക്കാത്ത കര്ണ്ണങ്ങളില്...
കനിവിന്റെയൊരുതുള്ളി നീര്ക്കണമെങ്കിലും
ബാക്കിയുണ്ടാമോ? ഈ പ്രവാസിക്കായൊഴുക്കുവാന് ...
-ഹരി നായര്
03-04-2013

Friday, 8 February 2013

ഉച്ചനീചത്വങ്ങള്‍




 

മനമിടറിയൊരു വനപ്പക്ഷി
ദീനമായ് കരയുന്നു,
ശരമൊഴിച്ച നിഷാദന്‍റെ
കാഹളമുയരുന്നു.
വിഷമുകുളങ്ങളലകിട്ട
വിഷാസ്ത്രങ്ങളാവനാഴിയിലുറങ്ങുന്നു,
പിറാവിന്‍റെ ഹൃദന്തം തുളച്ചാ രക്തപ്പുഴയില്‍
നിഷാദന്‍ നീരാട്ടു കഴിക്കുന്നു.
വനകുഞ്ജങ്ങളിലെവിടെയോ
മരണമണിയുടെ മുഴക്കം പാര്‍ത്തിരിക്കുന്നു.

വനസ്ഥലികളിലൊരു കരിവരന്‍
കരിവണ്ടിനോടെതിര്‍ക്കുന്നു.
മേലാകെ വ്രണം പടര്‍ത്തി
കരിവീരനടിയറവു പറയുന്നു.
കര്‍ണ്ണപുടങ്ങളില്‍ നുഴഞ്ഞേറി
കരിവണ്ടവിടെ തന്‍  കൂടുതീര്‍ക്കുന്നു
വളര്‍ന്നു പെരുകുന്നു
മസ്തകംപിളര്‍ന്നവരൊരു മുളംപൊത്തിലേറി
അന്ത്യവിധി കാത്തിരിക്കുന്നു.

ഏഴു കടലുകള്‍ക്കക്കരെ
യൊരഭിനവ മഹാരഥന്‍
കോപ്പു കൂട്ടി പെരിയവനായിരിക്കുന്നു,
ലോകൈകജേതാവായി
പാടേ വിരാജിക്കുന്നു.
തീവ്രവാദപ്പെരുമയിലാരോ പിഴക്കാതെ,
തന്‍ശിരസ്സിനുന്നം പിടിച്ചിരിക്കുന്ന
ശസ്ത്രങ്ങളെഭീതമാം
മനസ്സോടെയെന്നും
പരതിക്കൊണ്ടുറങ്ങാതിരിക്കുന്നു.

ഇവിടെയൊരു നാട്ടരചന്‍ ,
കെട്ടഴിഞ്ഞൊരു മരത്തോണിയേറി
നീര്‍ക്കടലിന്മീതെയൊഴുകി നടക്കുന്നു.
അകലെയെങ്ങോ ഒരു തിര
വളര്‍ന്നൊരു സുനാമിയാകുന്നു......
മരത്തോണിയിലരചനശരണനായ്
പ്രാര്‍ത്ഥനാനിരതനാകുന്നു, മരണം മണക്കുന്നു.
-ഹരി നായര്  (19-10-2012)

Sunday, 16 September 2012

പാഴോണം




പാഴോണം
ഓര്മ്മച്ചിമിഴില്‍‍
നിരക്കവേ തിരഞ്ഞു ഞാന്‍‍....
ഒരോണക്കാലസ്വപ്നം ലഭിക്കുവാന്.
മടിയേറിത്തുരുന്പിച്ച
സൈബര്ത്തരികളല്ലാതെ
ഒന്നും കിട്ടിയില്ലെനിക്കെവിടെയെങ്ങും.

ഓണപ്പൂക്കളം മാഞ്ഞു
ഓണക്കോടിയും മറന്നു
ഓണക്കളികള്
ഓണപ്പാട്ടുകള്
ഓണസദ്യകള്
ഒക്കെയുമെങ്ങോ കളഞ്ഞുപോയി.

ഈ തിരുവോണം..
ഓണസദ്യക്കുത്തരവേകി ഞാന്
ദൃശ്യച്ചാനലുകളൊന്നൊന്നായ്
മാറ്റി നോക്കി
വെറുതെയിരിക്കുന്നു

ഓണമാഘോഷിക്കുന്നു ചാനലുകള്
പൂവിളിയുമോണപ്പൂക്കളവും
ഓണക്കളികളുമാര്ഭാടമായി...
ഹാ...എത്ര മോഹനം....
എന് നാടിന്റെ ചാരുത.
പിന്നെന്തിനു വെറുതെ ഞാനെന്
മേലനങ്ങിയിപ്പാഴ്വേല ചെയ്യണം ?
-ഹരി നായര്    (27-08-2012)